ന്യൂഡൽഹി : വ്യോമസേനയ്ക്കായി മീഡിയം ട്രാൻസ്‌പോർട്ട് വിമാനങ്ങൾ വാങ്ങാനായി 2.5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് ഇന്ത്യ. പഴയ അവ്‌രോ -748 വിമാനങ്ങൾക്ക് പകരമായി അൻപത്തിയാറ് സി- 295 ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് വ്യോമസേനയ്ക്കായി ഇന്ത്യ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്.
Read Also : ചിന്താ ജെറോം ശമ്പളയിനത്തിൽ കെെപ്പറ്റിയത് 37 ലക്ഷം രൂപ ; വിവരാവകാശ രേഖ പുറത്ത്
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും എയർ ബസ് ഡിഫൻസ് ആൻഡ് സ്പെയ്സും സംയുക്തമായിട്ടാകും പ്രൊജക്ട് ഏറ്റെടുക്കുന്നത്. കരാർ പ്രകാരം അൻപത്തിയാറ് എണ്ണത്തിൽ 16 വിമാനങ്ങൾ വിദേശത്തും, 40 വിമാനങ്ങൾ ഇന്ത്യയിലും നിർമ്മിക്കും. ഇന്ത്യയിൽ വിമാനം നിർമ്മിക്കുന്നതിനായി സാമ്പത്തിക അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായുള്ള കരാർ ഉടൻ ഒപ്പുവെയ്ക്കുമെന്നും പ്രതിരോധ മന്ത്രാലയം വാർഷിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ വ്യോമസേനയുടെ ഭാഗമായ എൻ 32 വിമാനങ്ങൾ നൽകുന്ന സേവനങ്ങൾ പൂർത്തീകരിക്കാൻ സി-295 വിമാനങ്ങളും ഉതകുമെന്നാണ് വിലയിരുത്തൽ.
വിദേശത്ത് നിർമ്മിക്കുന്ന 16 വിമാനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ വ്യോമസേനയ്ക്ക് കൈമാറും. തദ്ദേശീയമായി നിർമ്മിക്കുന്നവ എട്ട് വർഷത്തിനുള്ളിൽ വ്യോമസേനയ്ക്ക് കൈമാറണമെന്നാണ് കരാർ. എൻ 32 വിമാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമതയുള്ള വിമാനങ്ങളാണ് സി-295. ചെറുതും, പൂർണ്ണ സജ്ജീകരണങ്ങളില്ലാത്ത താല്ക്കാലിക സ്റ്റേഷനുകളിൽ നിർത്താൻ സാധിക്കുന്നതുമായ വിമാനങ്ങൾ ഏത് കാലാവസ്ഥയിലും വിവിധ ദൗത്യങ്ങൾക്കായി ഉപയോഗിക്കാം.
Post Your Comments