ന്യൂഡല്‍ഹി: മാറുന്ന കാലത്തിനനുസരിച്ച് വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സായുധ സേന സജ്ജമെന്ന് വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി.
സേനാംഗങ്ങളുടെ പ്രതിരോധ മനോഭാവവും മികച്ച ആയുധ സംവിധാനവും ഇതിന് കരുത്ത് പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സേനകളിലൊന്നായി ഇന്ത്യന്‍ സായുധ സേന വൈകാതെ മാറും. മാറുന്ന കാലത്തിന് അനുസരിച്ച് രൂപാന്തരപ്പെടാന്‍ സേനയ്ക്ക് സാധിക്കുന്നു. കേവലം 90 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ കരുത്തുറ്റ വ്യോമസേനകളിലൊന്നായി മാറാന്‍ ഇന്ത്യക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരതയാര്‍ന്ന പരിശ്രമങ്ങളും കാര്യക്ഷമമായ സേവനങ്ങളുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സേവനത്തിന്റെ യൗവ്വനകാലഘട്ടത്തിലാണ് വ്യോമസേന. വിമുക്ത ഭടന്മാര്‍ സേനയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അവയെ നന്ദിയോടെ സ്മരിക്കുന്നു. അവരുടെ പ്രതിരോധ ശേഷിയും നേതൃപാഠവവും കാഴ്ചപ്പാടുകളുമാണ് ഇന്ന് കാണുന്ന സായുധ സേനയ്ക്ക് അടിത്തറ പാകിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ സ്മരിക്കുന്ന ദിനമായ ഇന്ന്, അവരെ നന്ദിയോടെ ഓര്‍ക്കുന്നു’, എട്ടാമത് സായുധ സേന വിമുക്ത ഭടന്മാരുടെ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments