കൊൽക്കത്ത : കൂടുതൽ ആളുകൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അനന്തിരവൻ അഭിഷേക് ബാനർജിക്കായി മുഖ്യമന്ത്രി മമത ബാനർജി പാർട്ടിയിലെ മറ്റ് നേതാക്കളെ തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടാട് സംസാരിക്കവെയാണ്
അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
തൃണമൂൽ കോൺഗ്രസ് എന്നത് ഒരു സ്വകാര്യ കമ്പനിയാണ്. മമത ബാനർജി കമ്പനിയുടെ അധ്യക്ഷയും, അഭിഷേക് ബാനർജി എംഡിയുമാണ്. അഭിഷേകിനായി നിരവധി കഴിവുള്ള നേതാക്കളെയാണ് മമത ബാനർജി തഴഞ്ഞത്. സ്വാർത്ഥ താത്പര്യങ്ങൾവെച്ച് പുലർത്തുന്നവർക്ക് മാത്രം തുടരാൻ കഴിയുന്ന പാർട്ടിയാണ് തൃണമൂൽ കോൺഗ്രസെന്നും സുവേന്ദു അധികാരി വിമർശിച്ചു.
അതേസമയം കൂടുതൽ ആളുകൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ബൂത്ത് മാനേജ്മെന്റ് പ്രവർത്തകർ അധികം വൈകാതെ പാർട്ടി അംഗത്വം സ്വീകരിക്കും. ഓരോ ദിവസവും ആളുകൾ ബിജെപിയിൽ ചേരുമെന്ന് താൻ ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം വ്യക്താമാക്കി.
ബിജെപിയിൽ ഒരു അച്ചടക്കമുള്ള പ്രവർത്തകനായി ആളുകളെ സേവിക്കും. പാർട്ടി നേതാവെന്ന നിലയിൽ ബിജെപിയുടെ നയങ്ങൾ പൂർണ്ണമായി അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാൻ മമത സർക്കാർ വിസമ്മതിക്കുന്നതിലും സുവേന്ദു അമർഷം രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലമായി പശ്ചിമ ബംഗാളിൽ ഒന്നും മാറിയിട്ടില്ല. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ചെറിയ കാര്യങ്ങൾ പോലും മമത സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ലെന്നും സുവേന്ദു പറഞ്ഞു.
Post Your Comments