
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം. മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഇന്നലത്തേതിനെക്കാൾ വഷളായെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നിരുന്നു.
പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വത്തിക്കാൻ വ്യക്തമാക്കുന്നത്.പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടെ ശ്വാസകോശ അണുബാധയിൽ ഇപ്പോൾ കുറവുണ്ടായതായി കഴിഞ്ഞ ദിവസം വത്തിക്കാൻ അറിയിച്ചിരുന്നു.ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.
എക്സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. മാർപാപ്പ ഉത്സാഹത്തിലായിരുന്നുവെന്നു പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു.
Post Your Comments