ബംഗളൂരു : 114 ബോട്ടിലുകളിലായി 85 ലിറ്റര്‍ മദ്യവുമായി 61-കാരന്‍ പിടിയില്‍. പുതുവത്സര തലേന്നാണ് രാജാജി നഗര്‍ കോര്‍ഡ് റോഡിലെ മണി (61) എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടില്‍ നിന്ന് ഇത്രയും മദ്യം പിടികൂടിയത്. പുതുവത്സര തലേന്ന് ലോക്ഡൗണ്‍ പോലെയുള്ള കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് കരുതി ആവശ്യക്കാര്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിനായാണ് ഇയാള്‍ വീട്ടില്‍ മദ്യം വാങ്ങിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒരാള്‍ക്ക് കൈവശം വെയ്ക്കാവുന്നതിന്റെ 20 ഇരട്ടിയിലധികം മദ്യമാണ് ഇയാള്‍ സൂക്ഷിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബസവേശ്വര നഗര്‍, മാഗഡി റോഡ് എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കുറഞ്ഞ വിലയ്ക്ക് വ്യോമസേന കാന്റീനില്‍ നിന്ന് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. മേഖ്രി സര്‍ക്കിളിലെ വ്യോമസേന കാന്റീനില്‍ നിന്ന് വാറന്റ് ഓഫീസറുടെ സഹായത്തോടെ വാങ്ങിയ മദ്യം വിലകൂട്ടി വില്‍ക്കാനായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍, മദ്യം വാങ്ങിയതിന്റെ രേഖകളോ മറ്റു കാര്യങ്ങളോ ഇയാള്‍ക്ക് ഹാജരാക്കാനായില്ല. എക്‌സൈസ് നിയമ പ്രകാരം ഒരാള്‍ക്ക് നാല് ലിറ്ററില്‍ താഴെ മാത്രമേ കൈവശം വെക്കാനാകൂ. ആരുടെ സഹായത്തോടെയാണ് ഇയാള്‍ക്ക് ഇത്രയധികം മദ്യം ലഭിച്ചതെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments