തിരുവനന്തപുരം: നിയുക്ത തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രന് നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പ്രത്യേക പാര്‍ട്ടി സംവിധാനം. മുന്‍ മേയര്‍മാരായ വി ശിവവന്‍ കുട്ടിയും ജയന്‍ബാബുവും ആര്യയ്ക്ക് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കും. എല്ലാ നയപരമായ തീരുമാനവും പാര്‍ട്ടി അറിവോടെ മാത്രമേ ആര്യയ്ക്ക് എടുക്കാനാകൂ. പരിചയക്കുറവില്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാനാണ് ഇത്. ഫലത്തില്‍ ആര്യയെ മേയറാക്കി പാര്‍ട്ടിയാകും കോര്‍പ്പറേഷന്‍ ഭരിക്കുക.
ആര്യയ്ക്ക് ഉപദേശങ്ങള്‍ കൊടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചു തന്നെയാണ് ഈ രാഷ്ട്രീയ ദൗത്യം ആര്യയെ ഏല്‍പ്പിച്ചത്. സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റ സാഹചര്യത്തിലാണ് ഇത്. വഞ്ചിയൂരില്‍ നിന്ന് ജയിച്ച ഗായത്രി ബാബുവിനേയും പരിഗണിച്ചു. മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബുവിന്റെ മകളാണ് ഗായത്രി. അമ്മ സാക്ഷരതാ മിഷന്‍ ഡയറക്ടറായ പ്രൊഫ ശ്രീലതയും. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് ഗായത്രിയെ നിയന്ത്രിക്കുക എളുപ്പമാകില്ല. ഈ തിരിച്ചറിവാണ് ആര്യാ രാജേന്ദ്രനെ മേയാറാക്കിയതിന് പിന്നിലെ കാരണം.
എന്നാൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ നിരീക്ഷണവും ആര്യയ്ക്ക് മേലുണ്ടാകും. മുന്‍ മേയര്‍മാരെന്ന നിലയില്‍ ശിവന്‍കുട്ടിയും ജയന്‍ബാബുവുമാകും ആര്യയ്ക്ക് പ്രധാനപ്പെട്ട വസ്തുതകളില്‍ ഉപദേശം നല്‍കുക. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ തിരുവനന്തപുരം കോര്‍പ്പേറഷന്‍ കാര്യങ്ങളില്‍ ഇടപെടും. മികച്ച മേയറെന്ന പേര് ആര്യ എടുക്കണമെന്നതാണ് സിപിഎം ആഗ്രഹം. ഇതിലൂടെ ഭാവിയിലെ വനിതാ നേതാവിനെയാണ് അവര്‍ മുന്നില്‍ കാണുന്നത്. നേമത്ത് ബിജെപിയെ ചെറുക്കാനുള്ള രാഷ്ട്രീയ മുഖമായി ഭാവിയില്‍ ആര്യ മാറുകയും ചെയ്യും.
Read Also: പാക് വനിത ഉത്തര്‍പ്രദേശിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ; അന്വേഷണവുമായി ഭരണകൂടം
അതേസമയം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് ആര്യയെ മേയറാക്കുന്നതിന് പിന്നിലെ പ്രധാന ശക്തികള്‍. എല്ലാ കാര്യവും അതുകൊണ്ട് തന്നെ ആനാവൂര്‍ പ്രത്യേകം ശ്രദ്ധിക്കും. മേയര്‍ ആര്യ രാജേന്ദ്രന് ഗണ്‍മാന്റെ സേവനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന നൂറ് വാര്‍ഡുകളുടെ ചുമതല നിര്‍വഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗണ്‍മാന്റെ സേവനം നല്‍കുന്നത്. ഈ ആഴ്ച തന്നെ ഗണ്‍മാന്റെ സേവനം ലഭ്യമാകും. മുന്‍പുള്ള വനിതാമേയര്‍മാര്‍ക്ക് നല്‍കാതിരുന്ന സൗകര്യമാണ് ഇപ്പോള്‍ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഔദ്യോഗിക കാര്യങ്ങളില്‍ മറ്റുള്ളവര്‍ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. പങ്കെടുക്കുന്നെങ്കില്‍ തന്നെ ക്ഷണിക്കാന്‍ എത്തുന്നവര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയര്‍ക്ക് സിപിഎമ്മിന്റെ നിര്‍ദ്ദേശം. ഇതെല്ലാം പരിശോധിച്ചാകും തീരുമാനം. മുടവന്മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വര്‍ഷഗണിത വിദ്യാര്‍ത്ഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Post Your Comments