ഭോപ്പാല്‍ : കോവിഡ് വാക്സിന് വിപണിയില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. വാക്സിന് നിങ്ങള്‍ക്ക് പെട്ടെന്ന് ലഭിക്കുമെന്നും ആദ്യം ലഭിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ചത്. 500 രൂപ നല്കി രജിസ്റ്റര്‍ ചെയ്ത് വാക്സിന് ഉറപ്പാക്കൂ എന്ന സന്ദേശവുമായുള്ള തട്ടിപ്പ് ഫോണ്‍ കോളുകളാണ് ഇതില്‍ പ്രധാനം.
തിങ്കളാഴ്ച ഭോപ്പാല്‍ സ്വദേശിയായ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു കോള്‍ എത്തിയിരുന്നു. കുടുംബത്തിലെ എല്ലാവര്ക്കും വാക്സിന് ലഭിക്കാന്‍ അഞ്ഞൂറു രൂപ നല്കി പേര് രജിസ്റ്റര്‍ ചെയ്യാനായിരുന്നു തട്ടിപ്പ് ഫോണ്‍ കോളില്‍ പറഞ്ഞിരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ വാക്സിന് ലഭിക്കാനാണ് ഇതെന്നായിരുന്നു വിശദീകരണം.
ഭോപ്പാല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയും പരാതിയുമായി സൈബര്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. വിദ്യര്‍ത്ഥിയുടെ പരാതിയില്‍ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ വിവരങ്ങളും തട്ടിപ്പുകാര്‍ അന്വേഷിച്ചെന്നാണ് വ്യക്തമാകുന്നത്. അതേസമയം, ഇത്തരം ഫോണ്‍കോളുകള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ നിര്‍ദ്ദേശം.
Post Your Comments