ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യൻ’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥം നിര്‍മിച്ച പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയാണ്. നിര്‍മാണം പൂര്‍ത്തിയായതു മുതല്‍ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം 4 മടങ്ങ് ഉയരമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.
597 അടിയാണ് ഈ ഭീമാകാരമായ പ്രതിമയുടെ ഉയരം. ഇപ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കിയിരിക്കുകയാണ് ഈ ഉരുക്കുപ്രതിമ. നിലവില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. പ്രതിദിനം 13000 പേര് പ്രതിമ സന്ദര്‍ശിച്ചിരുന്നുവെന്നാണ് കണക്ക്. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ കാണാനെത്തുന്നവര്‍ 10000 താഴെയും.
ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്റെ ശില്പത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്.182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നാലു വര്‍ഷം (33 മാസം) മാത്രമെടുത്താണ് പൂര്‍ത്തിയാക്കിയത്.
ഇത്രയും ചെറിയ കാലയളവില്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ ശില്പമെന്ന റെക്കോര്‍ഡും ഇതിലൂടെ ഏകതാ പ്രതിമയ്ക്ക് സ്വന്തമായി. പ്രതിമയുടെ നെഞ്ചിന് സമീപം 500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വ്യൂവിംഗ് ഗാലറിയിലേക്ക് സന്ദര്‍ശകര്‍ക്ക് പോകാം. ഒരേസമയം 200 പേര്‍ക്ക് വരെ ഇവിടെ നില്ക്കാം.
പ്രതിമ മുഴുവന്‍ 4 സോണുകളായി തിരിച്ചിരിക്കുന്നു. സോണ്‍ 1: പ്രതിമയുടെ ആദ്യ നിലയാണിത്. ഇതില്‍ മെസാനൈന്‍ ഫ്ലോര്‍, എക്സിബിറ്റ് ഫ്ലോര്‍, മേല്‍ക്കൂര എന്നിവ ഉള്‍പ്പെടുന്നു. ഒരു സ്മാരക പൂന്തോട്ടവും മ്യൂസിയവും ഇവിടെയുണ്ട്. സോണ്‍ 2: നിലം മുതല്‍ പകുതി വരെയുള്ള പ്രതിമയുടെ ഭാഗമാണിത്. സോണ്‍ 3: ഇതാണ് പ്രധാനഭാഗം. ഇവിടെയുള്ള കാഴ്ച ഗാലറിയില്‍ നിന്ന് പ്രതിമയും ചുറ്റുമുള്ള പ്രദേശമാകെ വീക്ഷിക്കാം.സോണ്‍ 4: പ്രതിമയുടെ ഈ ഭാഗം കഴുത്ത് മുതല്‍ തല വരെയുള്ള ഭാഗമാണ്.ഈ മേഖല വിനോദസഞ്ചാരികള്‍ക്കായി തുറന്നിട്ടില്ല.
read also: ബാലാവകാശ കമ്മീഷന് എവിടെ? ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മാത്രമേ പോകൂ..
വൈകുന്നേരം, എല്ലാ ദിവസവും മുപ്പതു മിനിറ്റ് ലേസര്‍ ഷോ നടത്താറുണ്ട്.
രാത്രി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സമുച്ചയത്തിനുള്ളില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലും പ്രവര്‍ത്തിക്കുന്നു.17 ഏക്കര്‍ വിസ്തൃതിയിൽ ‘ഏകതാപ്രതിമ’യ്ക്കു സമീപത്തായി വ്യാപിച്ചു കിടക്കുന്ന ആരോഗ്യ വനപദ്ധതിയാണ് പ്രധാന ആകർഷണം. ഗുജറാത്ത് വനം വകുപ്പിന്റെ കീഴിൽ നിർമിച്ച ആരോഗ്യവനത്തില്‍ 380 വ്യത്യസ്ത ഇനത്തില്‍പ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്.
2018ലെ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പ്രതിമയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള വഡോദരയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന്, പ്രതിമയിലെത്താന്‍ ക്യാബുകളോ ബസുകളോ തെരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് വഡോദരയിലാണ്.
Post Your Comments