ഗുജറാത്തിലെ കെവാഡിയയിൽ വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാനാണ് റിലയൻസിന്റെ ലക്ഷ്യം. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എസ്ഒയു റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഇവ നിർമ്മിക്കുക. അടുത്തിടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിട നിർമ്മാണ രംഗത്തേക്ക് റിലയൻസ് ചുവടുറപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ റിലയൻസ് പദ്ധതിയിടുന്നത്.
കെവാഡിയയിൽ നർമ്മദ നദിയുടെ തീരത്ത് നാല് വർഷം കൊണ്ട് നിർമ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ഇതിനോടകം തന്നെ 10 ദശലക്ഷം പേർ എത്തിച്ചേർന്നിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. നിർമ്മാണം പൂർത്തിയാക്കിയത് മുതൽ ഇവിടേക്ക് ഒട്ടനവധി വിനോദ സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഈ സാധ്യത കണക്കിലെടുത്താണ് കെവാഡിയയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റിലയൻസ് തുടക്കമിടുന്നത്. കൂടാതെ, ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം ഒരുക്കാനുള്ള പദ്ധതികൾ അധികം വൈകാതെ തന്നെ റിലയൻസ് വികസിപ്പിക്കുന്നതാണ്.
Also Read: മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയെ സാഹസികമായി രക്ഷിച്ച് മകൾ
Post Your Comments