ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ വ്യക്തവും സുതാര്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാനും കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നൂറാമത്തെ കിസാന്‍ റെയില്‍ സേവനം ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കിസാന്‍ റെയില്‍ പദ്ധതിയിലൂടെ രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു. വരുമാനം വര്‍ധിപ്പിച്ചുകൊണ്ട് കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ് കിസാന്‍ റെയില്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരെ അഭിനന്ദിക്കുന്നു. കോവിഡിന്റെ ആഘാതങ്ങള്‍ക്കിടയിലും കഴിഞ്ഞ നാല് മാസമായി കിസാന്‍ റെയില്‍ സേവനം വിപുലപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ചെറുകിട-മധ്യ വിഭാഗമുള്‍പ്പെടുന്ന 80 ശതമാനം കര്‍ഷകര്‍ക്കും കിസാന്‍ റെയിലിന്റെ പ്രയോജനം ലഭിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ ദൂരെ മേഖലകളിലേക്ക് എത്തിക്കുന്നതിലൂടെ വലിയ ചെലവാണ് കര്‍ഷകര്‍ക്ക് വഹിക്കേണ്ടി വരുന്നത്. എന്നാല്‍ കിസാന്‍ റെയില്‍ സൗകര്യം പ്രയോജനപ്പെടുത്തി 50-100 കിലോഗ്രാം ചരക്ക് വരെ മിതമായ നിരക്കില്‍ കൈമാറ്റം ചെയ്യാം പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments