ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തി പകരാൻ കൂടുതൽ റഫേൽ വിമാനങ്ങൾ ഉടൻ എത്തും. റഫേൽ വിമാനങ്ങളുടെ മൂന്നാം ബാച്ച് ജനുവരിയിൽ എത്തുമെന്ന് വ്യോമസേന അറിയിച്ചു. മൂന്ന് വിമാനങ്ങളാണ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങുക. ഇതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ വിമാനങ്ങളുടെ എണ്ണം 11 ആകും.
ഫ്രാൻസിൽ നിന്നും ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലേക്ക് നേരിട്ടാണ് വിമാനങ്ങൾ എത്തുക. ഇതിനായി വഴിമദ്ധ്യേ ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കും. വിമാനം എത്തുന്ന തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ വ്യോമസേനയുടെ കരുത്ത് വീണ്ടും ഇരട്ടിക്കുമെന്നാണ് വിലയിരുത്തൽ. അയൽ രാജ്യങ്ങളുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വേഗത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്.
36 റഫേൽ വിമാനങ്ങൾക്കായുള്ള കരാറിലാണ് 2016 ൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. 59,000 കോടി രൂപയുടേതാണ് കരാർ. കഴിഞ്ഞ ജൂലൈ 29 ന് വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തി.
Post Your Comments