ന്യൂഡല്‍ഹി: ജനിതകവ്യതിയാനം സംഭവിച്ച പുതിയ കോവിഡിനെ കണ്ടെത്തിയ ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ലെന്ന് സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി. നിലവില്‍ രാജ്യത്ത് അടുത്തിടെ ബ്രിട്ടണില്‍ നിന്ന് എത്തിയ 119 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 59 കേസുകളാണ് പുതുതായി കണ്ടെത്തുകയുണ്ടായത്.
ബ്രിട്ടണില്‍ നിന്ന് എത്തി കാണാതായ 279 യാത്രക്കാരില്‍ 184 പേര്‍ തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുമാണ് നല്‍കിയതെന്ന് തെലങ്കാന പൊലീസ് പറയുകയുണ്ടായി. കാണാതായ 92 പേര്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവരാണെന്നും തെലങ്കാന പൊലീസ് പറഞ്ഞു.
പുതിയ കൊറോണ വൈറസ് ബാധിച്ചവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ജാഗ്രതയാണ് വേണ്ടത്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയ്യാറാവണമെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടര്‍ ജി ശ്രീനിവാസ റാവു പറഞ്ഞു.
ബ്രിട്ടണില്‍ നിന്ന് 1216 പേരാണ് തെലങ്കാനയില്‍ എത്തിയത്. ഇതില്‍ 937 പേരെ തിരിച്ചറിയുകയുണ്ടായി. എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും ശ്രീനിവാസ റാവു പറഞ്ഞു. പുതിയ വൈറസ് ബാധയേറ്റ 18 ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 79 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പറഞ്ഞു.
Post Your Comments