
മുംബൈ : കോവിഡ് മഹാമാരിക്ക് പ്രതിവിധിയായുള്ള വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലോകം മുഴുവൻ. എന്നാൽ വാക്സിൻ എത്തിക്കഴിഞ്ഞപ്പോൾ പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുസ്ലിം പണ്ഡിതർ. ബുധനാഴ്ച മുംബൈയിൽ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയിരിക്കുന്ന വാക്സിൻ ഹറാം അല്ലെങ്കിൽ മുസ്ലിങ്ങൾക്ക് വിലക്കപ്പെട്ടതാണെന്ന് പണ്ഡിതരുടെ ചർച്ചയിൽ തീരുമാനിച്ചു.
ഇസ്ലാമിക് നിയമങ്ങളെ പരാമർശിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ ഉലമ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതരാണ് യോഗം വിളിച്ച് ചേർത്തത്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതിൽ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും അവർ പറഞ്ഞു.
”പന്നിയുടെ ഒരു രോമം കിണറ്റിൽ വീണാൽ ആ കിണറ്റിൽ നിന്നുള്ള വെള്ളം മുസ്ലിങ്ങൾക്ക് നിരോധിക്കപ്പെട്ടതാണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയതാണ് ചൈനീസ് വാക്സിൻ എന്ന് റിപ്പോർട്ടുകളുണ്ട്. മുസ്ലിങ്ങൾക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ വാക്സിൻ അനുവദിക്കാൻ കഴിയില്ല’ – റാസ അക്കാദമി സെക്രട്ടറി ജനറൽ സയീദ് നൂറി പറഞ്ഞു.
അതേസമയം ഇന്ത്യയിൽ ഉണ്ടാക്കിയതോ ഉപയോഗിക്കാൻ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്സിനിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സർക്കാർ മുസ്ലിം പണ്ഡിതർക്ക് നൽകണമെന്നും നൂറി പറഞ്ഞു.
Post Your Comments