തിരുവനന്തപുരം: അഭയ കൊലക്കേസില്‍ അന്നത്തെ എസ്പി ആയിരുന്ന കെ.ടി.മൈക്കിള്‍ കുടുങ്ങും. അഭയ കൊലക്കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളും ഡിവൈഎസ്പി കെ.സാമുവലും തെളിവുകള്‍ നശിപ്പിക്കുന്നതില്‍ പങ്കാളികളാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കെ.ടി.മൈക്കിളിനെതിരെ അന്വേഷണത്തിനൊരുങ്ങുന്നത്.
കേസിന്റെ ചരിത്രം വിശദമാക്കുന്ന 229 പേജുള്ള വിധിയുടെ അവസാന ഭാഗത്താണു കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കോടതി വ്യക്തമാക്കുന്നത്. വിവിധ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തെളിവു നശിപ്പിച്ചെന്നു കോടതി വിലയിരുത്തിയത്. കെ. സാമുവല്‍ നേരത്തേ മരിച്ചു. നാലാം പ്രതിയായിരുന്ന കെ.ടി. മൈക്കിളിനെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയെങ്കിലും വിചാരണയുടെ ഘട്ടത്തില്‍ മതിയായ തെളിവുണ്ടെങ്കില്‍ പ്രതി ചേര്‍ക്കാമെന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മൈക്കിളിന് എതിരെ ഇനിയും വിചാരണ നടപടികള്‍ തുടങ്ങാന്‍ കഴിയും.
തെളിവുകള്‍ നശിപ്പിക്കുന്നതില്‍ മൈക്കിള്‍ പങ്കാളിയാണെന്നു കണ്ടെത്തിയ സിബിഐ കോടതി പക്ഷേ, ഈ കുറ്റത്തിന്റെ പേരില്‍ എന്തു നടപടി സ്വീകരിക്കണമെന്നു വിധിയില്‍ വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തില്‍ സിബിഐയുടെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്.
Post Your Comments