ഭോപ്പാല്‍ : പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ‘തുക്‌ഡെ-തുക്‌ഡെ സംഘ’ത്തിനെ കുറ്റപ്പെടുത്തി. ഈ കാര്‍ഷിക നിയമങ്ങളിലെ പ്രശ്നം എന്താണെന്ന് തനിക്ക് മനസിലായില്ലെന്നും ഇതുവരെ ഇതിലെ ‘കറുത്ത നിയമങ്ങള്‍’ വിശദീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും മിശ്ര പറഞ്ഞു.
” ഈ കാര്‍ഷിക നിയമങ്ങളിലെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായില്ല. ഈ തുക്‌ഡെ-തുക്‌ഡെ സംഘമാണ് കര്‍ഷകരെ പ്രേരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. ഇതുവരെ ആര്‍ക്കും ഇതിലെ ‘കറുത്ത നിയമങ്ങള്‍’ വിശദീകരിക്കാന്‍ കഴിഞ്ഞില്ല ” -അദ്ദേഹം പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന് നേരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ” കഴിഞ്ഞ 15 മാസത്തില്‍ ഒരു കര്‍ഷകന്റെ പോലും ഫാമുകളില്‍ സന്ദര്‍ശിക്കാത്ത കമല്‍ നാഥ് ജി ഒരു ട്രാക്ടര്‍ ഓടിക്കും. ‘സോഫ കം-ട്രാക്ടര്‍’ ഓടിച്ച രാഹുല്‍ ഗാന്ധിക്ക് ഉരുളക്കിഴങ്ങ് മണ്ണിന് അടിയിലാണോ മുകളിലാണോ വളരുന്നതെന്ന് പോലും അറിയില്ല ” – മിശ്ര പറഞ്ഞു.
അതേസമയം, കര്‍ഷകരുടെ പിന്തുണയില്‍ രാഹുല്‍ ഗാന്ധി നാളെ വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ പ്രകടനത്തിന് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് എംപിമാരുമായി വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പ്രകടനം രാവിലെ 10:45 ന് ആരംഭിക്കും. അതിന് ശേഷം മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം അദ്ദേഹം രാഷ്ട്രപതിയെ കാണുകയും 2 കോടി പേരുടെ ഒപ്പുകളുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് എംപി കെ.സുരേഷ് പറഞ്ഞു.
Post Your Comments