പാലക്കാട് മുനിസിപ്പല്‍ ഓഫിസിന് മുകളില്‍ ‘ജയ് ശ്രീറാം’ എന്ന ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലാണ് ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയത്. ബിജെപി ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാറിന്റെ ഭാര്യയുടെ വിജയ പ്രഖ്യാപനത്തിന് ശേഷമായിരുന്നു സംഭവം. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തിയവര്‍ ലഹളയ്ക്ക് കാരണമാകും വിധം തെറ്റായി പ്രവര്‍ത്തിച്ചെന്നാണ് കേസ്.
ജയ് ശ്രീറാം ബാനര്‍ വിവാദമുണ്ടായ പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞ ദിവസവും സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. കൗണ്‍സില്‍ ഹാളിന് പുറത്തിറങ്ങിയ സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി മുദ്രാവാക്യം വിളിച്ചതോടെ ബിജെപി പ്രവര്‍ത്തകരും ജയ് ശ്രീറാം വിളികളുമായി സംഘടിച്ചു. ഇരുവിഭാഗം പ്രവര്‍ത്തകരെയും പൊലീസ് വളരെ വേഗം നീക്കിയതിനാല്‍ സംഘര്‍ഷാവസ്ഥ ഒഴിവായി.
Post Your Comments