ദുബായ് : യൂറോപ്യന്‍ രാജ്യത്തില്‍ നിന്ന് കാണാതായ 19കാരിയെ ദുബായില്‍ കണ്ടെത്തി. ചെറിയ മാനസിക പ്രശ്നങ്ങളുള്ള പെണ്‍കുട്ടി വീട്ടില്‍ ആരോടും പറയാതെ തനിച്ച് ദുബായിലെത്തുകയായിരുന്നു. പെണ്‍കുട്ടി ദുബായ് ഹോട്ടലിലെത്തി റൂം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ദുബായ് പോലീസിലെ സിഐഡി മേധാവി കാപ്റ്റന്‍ അബ്ദുല്ല അല്‍ ശെയ്ഖ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ ആരോടും പറയാതെയാണ് കുട്ടി ദുബായിലെത്തിയതെന്ന് മനസ്സിലായത്. യുഎഇയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ആകൃഷ്ടയായ പെണ്‍കുട്ടി അവ കാണാന്‍ സ്വയം വിമാനം കേറി പോവുകയായിരുന്നു.
യുഎഇ പോലീസ് ഉടന്‍ തന്നെ കുട്ടിയുടെ രാജ്യത്തിന്റെ എംബസിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നാട്ടിലെ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായി അറിഞ്ഞത്. മാതാപിതാക്കളുമായി ഉടന്‍ തന്നെ ബന്ധപ്പെടുകയും കുട്ടി ദുബായില്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയെ ദുബായിലേക്ക് വരുത്തിച്ചു. സൗജന്യമായാണ് ഹോട്ടലില്‍ ഇരുവര്‍ക്കും ദുബായ് പോലീസ് താമസ സൗകര്യം ഒരുക്കിയത്. ദുബായില്‍ താമസിക്കാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ദുബായ് പോലീസ് അവസരവും ഒരുക്കി. പെണ്‍കുട്ടി വളരെ സന്തോഷത്തോടെയാണ് ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്നും കാപ്റ്റന്‍ അബ്ദുല്ല അല്‍ ശെയ്ഖ് പറഞ്ഞു.
Post Your Comments