ന്യൂഡല്‍ഹി : പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചത്. ഇതിന്റെ ഭാഗമായി ഡബ്ലുഎച്ച്ഒ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ”പരിഭ്രാന്തരാകേണ്ട ആവശ്യമില്ല” എന്നും യുകെയിലെ പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. യുകെയില്‍ അതിവേഗം പടരുന്ന പുതിയ നോവല്‍ കൊറോണ വൈറസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉപദേശക സമിതി ഇന്ന് ഒരു മീറ്റിംഗ് നടത്തും.
കൊറോണ വൈറസ് ബാധയില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നതിനായി യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ” കൊറോണ വൈറസിന്റെ പുതിയ ഇനം യുകെയില്‍ അതിവേഗം പടരുന്നു. ഇത് സൂപ്പര്‍ സ്‌പ്രെഡറാണ്. യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഉടനടി നിരോധിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു” – ഡല്‍ഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
നെതര്‍ലാന്‍ഡ്സ് ഞായറാഴ്ച രാവിലെ 6.00 മുതല്‍ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജനുവരി 1 വരെയാണ് നെതര്‍ലാന്‍ഡ് വിമാനങ്ങള്‍ നിരോധിച്ചത്. അയല്‍രാജ്യമായ ബെല്‍ജിയം ബ്രിട്ടനില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ദ്ധരാത്രി മുതല്‍ നിര്‍ത്തി വെയ്ക്കുമെന്ന് അറിയിച്ചു.
Post Your Comments