കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ച സുവേന്തു അധികാരിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എം.പി കല്ല്യാണ്‍ ബാനര്‍ജി. രാജ്യത്തെ കൊള്ളയടിക്കുന്ന പാര്‍ട്ടിയിലേക്കാണ് സുവേന്തുവിന്റെ ചുവടുമാറ്റമെന്നാണ് അദ്ദേഹം പറഞ്ഞത്.മറ്റ് പാര്‍ട്ടികളിലെ രാഷ്ട്രീയ കുടുംബവാഴ്ചയെപ്പറ്റി അമിത് ഷാ വിമര്‍ശനം നടത്താറുണ്ട്. ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, സുവേന്തു അധികാരി രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നാണെന്ന കാര്യം മറന്നുപോയോ? എന്നും കല്യാൺ ചോദിച്ചു.
എന്നാൽ സുവേന്തു അധികാരിയിലൂടെ ബി.ജെ.പി. ലക്ഷ്യമിട്ടത് അദ്ദേഹത്തിന്റെ ജനകീയ മുഖമാണ്. മുന്‍പ് തൃണമൂലില്‍ നിന്ന് ബി.ജെ.പി.യിലെത്തിയ പ്രമുഖ നേതാവ് മുകുള്‍ റോയ് സംഘടനാ തന്ത്രങ്ങളില്‍ വിദഗ്ധനായിരുന്നെങ്കിലും ജനകീയ നേതാവായിരുന്നില്ല.പൂര്‍ബ, പശ്ചിമ മേദിനിപുര്‍ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള സുവേന്തു ഇതിനകം തന്നെ ഒന്‍പത് എം.എല്‍.എ.മാരെ ബി.ജെ.പി.യിലെത്തിച്ചിട്ടുണ്ട്. ഇനി പാര്‍ട്ടി അണികളെ കൂടുതലായി ആകര്‍ഷിക്കാനാണു ശ്രമം.
ഇതിനായി പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സുവേന്തു. ഇടത് സര്‍ക്കാരിനെ താഴെയിറക്കുമ്പോള്‍ ഐശ്വര്യപൂര്‍ണമായ ബംഗാള്‍ സൃഷ്ടിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ പിന്നാക്കാവസ്ഥ അതുപോലെ നില്‍ക്കുകയാണെന്നു കത്തില്‍ പറയുന്നു. ചോരയും നീരും നല്‍കി പാര്‍ട്ടിയെ വളര്‍ത്തിയവര്‍ക്ക് ഒരു വിലയുമില്ലെന്നും ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമാണ് അവരുടെ ചിന്തയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
Post Your Comments