അഹമ്മദാബാദ് : ലോകത്തെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ഗുജറാത്തിലെ ജാംനഗറിലാണ് മൃഗശാല തുടങ്ങുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരൻ. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണു മോട്ടി ഖാവിയിലേത്. കോവിഡ് കാരണമാണു പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിർന്ന എക്സിക്യുട്ടീവ് പറഞ്ഞു.
‘ഗ്രീൻസ് സുവോളജിക്കൽ, റസ്ക്യു ആൻഡ് റിഹാബിലിറ്റേഷൻ കിങ്ഡം’ എന്നാകും പദ്ധതിയുടെ പേര്. ഒപ്പം ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇൻസെക്ട് ലൈഫ്, ഡ്രാഗൺസ് ലാൻഡ്, എക്സോട്ടിക് ഐലൻഡ്, അക്വാട്ടിക് കിങ്ഡം തുടങ്ങിയ വിഭാഗങ്ങൾ മൃഗശാലയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments