തദ്ദേശ തെരഞ്ഞെടുപ്പിലെ വൈറൽ സ്ഥാനാർത്ഥിയായിരുന്നു അഡ്വ. വിബിത ബാബു. പത്രിക സമർപ്പിച്ചത് മുതൽ വിബിതയുടെ പോസ്റ്ററും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട വിബിതയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ ശ്രദ്ധേയമാകുന്നു.
രാഷ്ട്രീയ എതിരാളികളിൽ നിന്നും ഇപ്പോഴും തനിക്കെതിരെ സൈബർ അക്രമണം നടക്കുകയാണെന്ന് വിബിത പറയുന്നു. ഫാഷൻ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രമുഖരടക്കം എത്രയോ പേർ തോറ്റു. ഇത്രമാത്രം ഉപദ്രവിക്കാൻ താനെന്ത് തെറ്റ് ചെയ്‌തെന്നും എന്തിനാണ് ഇത്ര വൈരാഗ്യമെന്നും വിബിത ചോദിക്കുന്നു.
സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നതുമില്ല. താനുമായി രൂപ സാദൃശ്യമുള്ള ഏതോ സ്ത്രീയുടെ വീഡിയോ പോലും തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിച്ചെന്നല്ലാതെ എന്ത് തെറ്റാണ് താൻ ചെയ്തതെന്നും അവർ ചോദിക്കുന്നു. ഇങ്ങനെ തേജോവധം ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വിബിത പറഞ്ഞു.
1447 വോട്ടുകൾക്കാണ് തോറ്റത്. 16257 പേർ തനിക്ക് വോട്ട് ചെയ്തു. അവരുടെ പിന്തുണയ്ക്ക് വിലയില്ലെന്നാണോയെന്ന് വിബിത ചോദിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സികെ ലതകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ ജയിച്ചത്. സ്ഥാനാർത്ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Post Your Comments