അല്‍ മദാമിലെ പ്രേതഗ്രാമത്തിലെത്താന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ മരുഭൂമിയില്‍ കുടുങ്ങിപ്പോയ 27 കാരനായ ഇസ്രായേലി യൂട്യൂബറിനെ എമിറാത്തി യുവാവ് രക്ഷപ്പെടുത്തി. ഇസ്രായേലി യൂട്യൂബറായ ഷലോയിം സിയോണ്‍സെ ജിപിഎസ് സഹായത്തോടെയാണ് പ്രേത ഗ്രാമത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്.
എന്നാല്‍, വഴി തെറ്റി മരുഭൂമിയില്‍ എത്തുകയായിരുന്നു. ഫോര്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥലത്ത് തന്റെ ചെറിയ കാറില്‍ യാത്ര തുടരാനാവാതെ മരുഭൂമിയില്‍ തനിച്ചാവുകയായിരുന്നു ഇദ്ദേഹം. കനത്ത വെയിലില്‍ എന്തു ചെയ്യണമെന്നറിയാതെ വാഹനത്തിനകത്ത് ഏറെ നേരം കാത്തിരുന്നു. പിന്നീട് അതുവഴി പോവുകയായിരുന്ന യുഎഇ സ്വദേശി അലി അല്‍ കുത്ബിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇദ്ദേഹം യൂട്യൂബറെ മജ്ലിസില്‍ കൊണ്ടു പോയി സല്‍ക്കരിച്ചു. പിന്നീട് തന്റെ വാഹനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ മദാമിലേക്കും എത്തിച്ചു.
യുട്യൂബര്‍ ഷലോയിം തന്നെയാണ് തന്നെ രക്ഷിച്ച ആളോടുള്ള ഇഷ്ടവും നന്ദിയും വീഡിയോയിലൂടെ പങ്കുവെച്ചത്. ഷലോയിം തന്റെ വീഡിയോയില്‍ മജ്ലിസില്‍
വെച്ച് അറബി ചായയും പലഹാരങ്ങളും ഊദ് അത്തറും നല്‍കി സ്വീകരിച്ചതും സ്വന്തം ഫോര്‍ ഡ്രൈവ് വാഹനത്തില്‍ അല്‍ മദാമില്‍ കൊണ്ടു പോയതും അവിടത്തെ മനോഹരമായ കാഴ്ചകളുമൊക്കെ ചിത്രീകരിച്ചിരുന്നു. പ്രേത ഗ്രാമത്തിനെ കുറിച്ച് എഴുതാനായിരുന്നു ഈ സന്ദര്‍ശനത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഈ മനോഹരമായ അനുഭവം നല്‍കിയ യാത്രയെ കുറിച്ച് എഴുതാനാണ് തോന്നുന്നതെന്നും യുട്യൂബര്‍ പറഞ്ഞു.
Post Your Comments