തൃശൂര്‍ : യുനെസ്‌കോ ഏഷ്യാ പസഫിക് അവാര്‍ഡിന്റെ നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രം കൂത്തമ്പലം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് യുനെസ്‌കോ ഏഷ്യാ പസഫിക് പുരസ്‌കാര ജേതാക്കളുടെ അവാര്‍ഡ് പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് ഇടം നല്‍കിയത്. ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കി വരുന്ന അവാര്‍ഡാണ് ഇത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് ഓഫ് ഡിസ്റ്റിംഗ്ഷനാണ് ലഭിച്ചത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഒന്‍പത് വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പഴമയെ നിലനിര്‍ത്തുന്ന രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് കൂത്തമ്പലത്തില്‍ നടത്തിയത്. ഇതിനായി നവീന സാങ്കേതിക വിദ്യകളാണ് പ്രയോജനപ്പെടുത്തിയത്. ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിംഗ് സംവിധാനങ്ങള്‍, മരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, നിലം ശരിയാക്കല്‍, കരിങ്കല്ലിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, കോപ്പര്‍ കോട്ടിംഗ്, മരങ്ങളില്‍ അടിച്ചിരുന്ന ഇനാമല്‍ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായംപൂശല്‍ എന്നിവയാണ് കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളായി ചെയ്തത്.
2018-ലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇത് 2020 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ആര്‍ക്കിടെക്ട് എം.എം. വിനോദ്കുമാര്‍ (ഡി.ഡി ആര്‍ക്കിടെക്ട്‌സ്), എളവള്ളി ശിവദാസന്‍ ആചാരി തുടങ്ങിയവര്‍ പണികള്‍ക്ക് നേതൃത്വം നല്‍കി. അനുഷ മുത്തുസുബ്രഹ്മണ്യമാണ് ലൈറ്റിംഗ് ഡിസൈന്‍ മോഡല്‍ ചെയ്തത്.
Post Your Comments