മുംബൈ : വിരാട് കോഹ്ലി ഏകദിനത്തിനെക്കാള്‍ മികച്ച ടെസ്റ്റ് നായകനാണെന്ന്
അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. അഡ്ലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം ഈ അഭിപ്രായം പറയുന്നത്.
” പരിമിത ഓവറിനെക്കാള്‍ തീര്‍ച്ചയായും കോഹ്ലി മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ ആണ്. ടെസ്റ്റ് കളിക്കണമെങ്കില്‍ത്തന്നെ മികച്ച ഫിറ്റ്നസ് വേണം. അത് നിലനിര്‍ത്തുകയും ചെയ്യണം. ആക്രമണോത്സുകതയാണ് കോഹ്ലിയുടെ ആയുധം. അതേസമയം, അഞ്ച് ദിവസവും എല്ലാവര്‍ക്കും ഇങ്ങനെ സജീവമായി നില്‍ക്കാന്‍ സാധ്യമല്ല. തന്റെ ആക്രമണോത്സുകത നിലനിര്‍ത്താന്‍ കോഹ്ലിക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്. അതിന്റെ ഫലമാണ് ഓരോ മത്സരത്തിലും കാണുന്നത് ” -ഇര്‍ഫാന്‍ പറഞ്ഞു.
നിലവില്‍ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിലൊന്ന് ഇന്ത്യയാണ്. കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, ശുബ്മാന്‍ ഗില്‍, പൃഥ്വി ഷാ തുടങ്ങിയവരുടെയെല്ലാം വളര്‍ച്ചക്ക് കോഹ്‌ലി വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നടത്തിയ മുന്നേറ്റം പ്രശംസനീയമാണ്. മികച്ച ടീമിനെ വാര്‍ത്തെടുക്കാനും കോഹ്ലിക്ക് സാധിച്ചു.
Post Your Comments