ന്യൂഡല്‍ഹി : 4,500ത്തോളം വിദേശികളെ കബളിപ്പിച്ച് 90 കോടി രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ പോലീസ് അടപ്പിച്ചു. വ്യാജ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന 54 പേരെ ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തു. പ്രതികള്‍ നിയമപാലക ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ കോള്‍ സെന്ററിന്റെ സൂത്രധാരന്‍ ദുബായില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്നവരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. വ്യാജ കോള്‍ സെന്ററിലെ ജീവനക്കാര്‍ സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍, യുഎസ് മാര്‍ഷല്‍സ് സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എന്നീ തസ്തികകള്‍ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇരകളോട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ചില കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതായും അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് ഭയപ്പെടുത്തും. മയക്കു മരുന്ന് സംഘവുമായി അവരുടെ അക്കൗണ്ടുകള്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ”സുരക്ഷിതമായ സര്‍ക്കാര്‍ നിലവറയില്‍”പണം സൂക്ഷിക്കാന്‍ ബിറ്റ്‌കോയിനുകളോ ഗിഫ്റ്റ് കാര്‍ഡുകളോ വാങ്ങാന്‍ പ്രതി ഇരകളോട് ആവശ്യപ്പെടും. ഇതോടെ ഇരകള്‍ കീഴടങ്ങും. ശേഷം പ്രതികള്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും.
കോള്‍ സെന്ററില്‍ നിന്ന് 89 ഡെസ്‌ക്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. ” വ്യാജ കോള്‍ സെന്ററിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ചില സ്രോതസുകളില്‍ നിന്നും ലഭിച്ചിരുന്നു. പ്രതികള്‍ വിദേശ രാജ്യങ്ങളിലേക്ക് വിളിക്കുകയും ആളുകളെ വഞ്ചിക്കുകയും ചെയ്യുന്നതായി ഞങ്ങളുടെ ടീം കണ്ടെത്തി. ചൊവ്വാഴ്ച ഞങ്ങള്‍ നടത്തിയ റെയ്ഡില്‍ കോള്‍ സെന്ററില്‍ നിന്ന് 54 പേരെ അറസ്റ്റ് ചെയ്തു” – ഡിസിപി (സൈബര്‍ ക്രൈം യൂണിറ്റ്) അനീഷ് റോയ് പറഞ്ഞു.
Post Your Comments