ഷാര്‍ജ : പോലീസ് ചമഞ്ഞ് ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി എത്തിയിരിക്കുകയാണ് ഷാര്‍ജ പോലീസ്. ‘തട്ടിപ്പിനിരയാവുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക’ എന്ന ക്യാംപെയിനിന്റെ ഭാഗമാണ് പുതിയ നടപടി.
പോലീസ് ഓഫീസറായി ചമഞ്ഞ് ജനങ്ങളില്‍ നിന്ന് പണവും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാണ്. ഇവരില്‍ നിന്ന് ആളുകളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ സുല്‍ത്താന്‍ ബുവാല്‍സോദ് അറിയിച്ചു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവരിലേറെയുമെന്ന് പോലീസ് പറയുന്നു. പ്രവാസികളാണ് ഈ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരിലേറെയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭാഷ പരിചയമില്ലാത്തതും പോലീസാണോ അല്ലയോ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തതുമാണ് പ്രവാസികള്‍ തട്ടിപ്പിന് പെട്ടെന്ന് ഇരയാവാന്‍ കാരണം. ലേബര്‍ ക്യാംപുകളിലും മറ്റും കഴിയുന്ന വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ആളുകളാണ് തട്ടിപ്പിനിരയാവുന്നവരില്‍ കൂടുതലും.
ശരിയായ പോലീസിനെ എങ്ങനെ തിരിച്ചറിയാമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. പേരും ഉദ്യോഗപ്പേരും വ്യക്തിഗത നമ്പറും രേഖപ്പെടുത്തിയ ബാഡ്ജ് എപ്പോഴും ധരിക്കുന്നവരാണ് പോലീസ്. എന്നാല്‍, സിവിലിയന്‍ ഡ്രസ്സില്‍ പോലീസ് വന്നാല്‍ അവരോട് ഐഡി കാര്‍ഡ് ആവശ്യപ്പെടുക. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഐഡി കാണിക്കാന്‍ ഓരോ പോലീസുകാരും ബാധ്യസ്ഥരാണ്. അതേസമയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അത് വ്യാജനാണെന്ന് മനസ്സിലാക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ 999, 80040 എന്നീ നമ്പറുകളിലോ ടോള്‍ഫ്രീ നമ്പറായ 800151ലേക്കോ വിളിച്ചറിയിക്കണമെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. അല്ലെങ്കില്‍ ഷാര്‍ജ പോലീസിന്റെ വെബ്സൈറ്റ് വഴി 7999ലേക്ക് എസ്എംഎസ് അയയ്ക്കുകയും ചെയ്യാം.
Post Your Comments