ന്യൂഡല്‍ഹി: ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനവും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ നിശ്ചിത ശതമാനം ബാക്കിയുണ്ട് എന്നുളള വാര്‍ത്തയാണ് നാം പതിവായി കേള്‍ക്കാറ്. എന്നാല്‍ ഇത്തവണ ആ വാര്‍ത്തയ്‌ക്ക് ഒരു സാദ്ധ്യതയുമില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തികള്‍ക്കായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് ധനമന്ത്രാലയം അനുവദിച്ച തുകയില്‍ ബഹുഭൂരിപക്ഷവും നടപ്പ് സാമ്പത്തിക വര്‍ഷം ചിലവായിക്കഴിഞ്ഞു. ആകെ 84,900 കോടിയാണ് ധനമന്ത്രാലയം അനുവദിച്ചത്.
ഇതില്‍ 76,800 കോടി ചിലവായി. ആകെ അനുവദിച്ച തുകയുടെ 10 ശതമാനം മാത്രമാണ് ഇനി ബാക്കിയുളളത്. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളെക്കാളും ഏറ്റവുമധികം കേന്ദ്രവിഹിതം അനുവദിച്ചത് ഗ്രാമീണ വികസന മന്ത്രാലയത്തിനാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ഫണ്ടിന് കുറവുണ്ടാകില്ലെന്നും ആവശ്യമുളള അധികതുക ഇനിയും അനുവദിക്കുമെന്നും ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2019 നവംബര്‍ മാസം വരെ 50000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതികള്‍ക്കായി ചിലവഴിച്ചിരുന്നത്.
എന്നാല്‍ ബഡ്‌ജറ്റ് വിഹിതമായി അനുവദിച്ചതിന് പുറമെ 12 ശതമാനം കൂടി ഈ വര്‍ഷം മന്ത്രാലയം തൊഴിലുറപ്പ് പദ്ധതികള്‍ക്ക് അനുവദിച്ചിരുന്നു. ഒരുകോടിയിലേറെ കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ ജോലി ലഭിക്കുന്നതെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ട്രാക്കറിലൂടെ ലഭിച്ച വിവരങ്ങളില്‍ പറയുന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 243 ശതമാനം കൂടുതലാണ്. ഇവര്‍ക്ക് തൊഴിലിന് നല്‍കുന്ന കൂലിയിലും വര്‍ദ്ധനയുണ്ട്. കൊവിഡ് കാരണം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ ജോലി നഷ്‌ടമായി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയതാണ് തൊഴിലുറപ്പ് പദ്ധതികള്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ സാദ്ധ്യത കൂടുതലാകാന്‍ കാരണം.
മേയ് മാസത്തില്‍ തൊഴിലുറപ്പ് ജോലിയില്‍ വന്‍ വര്‍ദ്ധനവുണ്ടായെങ്കിലും ഒഡീഷ,ബീഹാര്‍,ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങിത്തുടങ്ങിയതോടെ ഇപ്പോള്‍ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ വരെ ഒരു തൊഴിലാളിക്ക് 41.59 തൊഴില്‍ ദിനങ്ങളാണ് ലഭിച്ചത്. 2018-19ല്‍ ഇത് 50.88ഉം 2019-20ല്‍ 48.4മാണ്. നൂറ് ദിവസത്തിലേറെ ജോലി ലഭിച്ചത് 19 ലക്ഷം പേര്‍ക്ക് മാത്രമാണ്. നൂറ് ദിവസം തൊഴില്‍ ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ മുന്നില്‍ ജാര്‍ഖണ്ഡും തമിഴ്‌നാടുമാണ്.
പാവപ്പെട്ടവന് ഒരു താങ്ങാവാന്‍ കൊവിഡ് കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞുവെന്നാണ് തൊഴിലുറപ്പ് പദ്ധതി കൗണ്‍സില്‍ മുന്‍ അംഗം നിഖില്‍ ഡെ പറയുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ ജോലി വേണ്ടവര്‍ക്കെല്ലാം ലഭിച്ചോ എന്ന് ഉറപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമൊന്നും നടത്തിയില്ലെന്നും ഡെ അഭിപ്രായപ്പെടുന്നു.
Post Your Comments