Latest NewsNewsIndia

വിജയശാന്തി ബിജെപിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി : കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തി ബിജെപിയിലേക്ക് വീണ്ടും തിരികെയെത്തുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിജയശാന്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വിജയശാന്തി ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും മുതിർന്ന നേതാവ് ജി.വിവേക് വെങ്കട്ടസ്വാമി അറിയിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയില്‍ ബിജെപി മികച്ച വിജയം തന്നെ നേടും. സംസ്ഥാനത്ത് പാർട്ടിയുടെ വികസനപ്രവർത്തനങ്ങളെ മുന്നിൽ നിന്നു നയിക്കുന്നത് വിജയശാന്തിയായിരിക്കുമെന്നും വിവേക് വെങ്കട്ടസ്വാമി പറഞ്ഞു.

തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തിളങ്ങിയ ആക്ഷൻ താരം ‘ലേഡി അമിതാഭ്’ എന്നറിയപ്പെടുന്ന വിജയശാന്തി 1997 ൽ ബിജെപി പാർട്ടിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ചുവട് വക്കുന്നത്. പാർട്ടി വനിതവിഭാഗം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച ഇവർ 1999 ലെ പൊതുതെരഞ്ഞെടുപ്പിൽ കഡപ്പ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. തെലങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് 2005ലാണ് വിജയശാന്തി ബിജെപി വിട്ടത്.

തുടർന്ന് ‘തല്ലി തെലങ്കാന’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. തുടർന്ന് 2009 ലെ തെരഞ്ഞെടുപ്പിൽ മേദക് മണ്ഡലത്തിൽ നിന്നും വിജയശാന്തി ലോക്സഭയിലേക്കെത്തുകയും ചെയ്തു. എന്നാൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളെ തുടർന്ന് പരസ്യവിമർശനങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ വിജയശാന്തിയെ പിന്നീട് പുറത്താക്കി. പിന്നാലെ 2014 ൽ ഇവർ കോൺഗ്രസിലെത്തി. അതേസമയം കോൺഗ്രസില്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് പരസ്യമായി വ്യക്തമാക്കിയ വിജയശാന്തി ഇതോടെയാണ് ബിജെപിയിലേക്ക് തന്നെ മടങ്ങിയെത്താൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button