തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു മുന്നണിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിലെ ഒരു ഉന്നതന്‍ കൂടി സ്വര്‍ണ്ണക്കടത്ത് കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായിരിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ലക്ഷത്തിലധികം ആളുകളാണ് പിന്‍വാതിലിലൂടെ നിയമനം നേടിയത്. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണ്. റാങ്ക് ലിസ്റ്റിലുള്ള പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാതിരിക്കുമ്പോഴാണ് പാര്‍ട്ടിക്കാര്‍ക്കും, നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി കൊടുത്തത്. ഭക്ഷണ കിറ്റ് കൊടുക്കുന്ന സഞ്ചിയില്‍ പോലും കമ്മിഷന്‍ വാങ്ങിയവരാണ് നാട് ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments