ന്യൂഡല്‍ഹി : കുട്ടികളെ ഉപയോഗപ്പെടുത്തി വിവാഹവേദികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സംഘം പിടിയിലായി. ഡല്‍ഹി എന്‍.സി.ആര്‍ മേഖലകളില്‍ വിവാഹ വേദികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. സംഭവത്തില്‍ മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ ഗുല്‍ഖേരി ഗ്രാമത്തില്‍ നിന്നുള്ള സന്ദീപ്(26) ഹന്‍സ് രാജ്(21) സാന്ത് കുമാര്‍(32) കിഷന്‍(22) ബിഷാല്‍(20) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയുമാണ് ഡല്‍ഹി പോലീസ് പിടികൂടിയത്.
നാല് ലക്ഷം രൂപയും, സ്വര്‍ണാഭരണങ്ങളും, മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടിയതോടെ എട്ടിടങ്ങളില്‍ നടന്ന മോഷണക്കേസുകള്‍ തെളിഞ്ഞതായും പോലീസ് വ്യക്തമാക്കി. ഒരു മാസത്തോളം പ്രത്യേക പരിശീലനം നല്‍കിയതിന് ശേഷമാണ് 9 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളെ മോഷണത്തിന് ഉപയോഗിച്ചിരുന്നത്. മധ്യപ്രദേശിലെ ഗ്രാമത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് കുട്ടികളെ മോഷണത്തിന് എത്തിച്ചിരുന്നത്. കുട്ടികളെ വിട്ടു നല്‍കുന്നതിന് മാതാപിതാക്കള്‍ക്ക് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ നല്‍കും.
കുട്ടികളെ കൈയ്യില്‍ കിട്ടിയാല്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ എത്തിക്കും. വിവാഹവേദികളില്‍ എങ്ങനെ പെരുമാറണമെന്നത് അടക്കമുള്ള പരിശീലനം നല്‍കും. തുടര്‍ന്ന് മോഷണത്തില്‍ പങ്കാളികളാക്കും. ആരെങ്കിലും പിടിക്കപ്പെട്ടാല്‍ സംഘത്തിലെ മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന നിബന്ധനയുമുണ്ടായിരുന്നു. ഡല്‍ഹി, എന്‍.സി.ആര്‍, മേഖലകളിലും ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലുമായിരുന്നു മോഷണം. വിവാഹവേദികളില്‍ അതിഥികളെന്ന വ്യാജേന എത്തിയ ശേഷം മറ്റുള്ളവരുമായി സംസാരിച്ച് അടുപ്പം സ്ഥാപിക്കും. ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ശേഷം സ്വര്‍ണാഭരണങ്ങളോ പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഒക്കെ മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി.
Post Your Comments