തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സൈബര്‍ വിദഗ്ധ എന്‍ എസ് നപിനായിക്ക് ഫീസായി രണ്ടു ലക്ഷംരൂപ നല്‍കാന്‍ അഡ്വ.ജനറലിന്റെ ശുപാര്‍ശ. ഏപ്രില്‍ 24ന് കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് നപിനായി സര്‍ക്കാരിനുവേണ്ടി ഹാജരായത്. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണ് കേസ് നല്‍കിയത്.
കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ 2020 ഏപ്രില്‍ രണ്ടിന് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കയ്യെടുത്താണ് കരാര്‍ ഉണ്ടാക്കിയത്. ആറുമാസത്തെ സൗജന്യസേവനത്തിനുശേഷം തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണം എന്നായിരുന്നു വ്യവസ്ഥ. മാര്‍ച്ച് 24 മുതല്‍ പ്രാബല്യമുണ്ടായിരുന്ന കരാര്‍ സെപ്റ്റംബര്‍ 24ന് അവസാനിച്ചു.
വിവാദമായതോടെ ആറു മാസത്തിനു ശേഷം സര്‍ക്കാര്‍ കരാര്‍ പുതുക്കിയില്ല.ജനങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഡേറ്റ കൈമാറരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കരാറുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നുവെങ്കിലും വിവാദമായതോടെ കരാര്‍ പുതുക്കിയില്ല. ശേഖരിച്ച ഡേറ്റ ഉപയോഗിച്ചതുമില്ല. കരാര്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും പുറത്തു വിട്ടിട്ടില്ല.
വിമര്‍ശനം ഉയര്‍ന്നതോടെ സ്പ്രിന്‍ക്ലര്‍ സോഫ്റ്റ് വെയര്‍ ഒരുതവണ പോലും ഉപയോഗിച്ചില്ല. കരാര്‍ വിവാദമായതിനെത്തുടര്‍ന്നു ലക്ഷങ്ങള്‍ ചെലവാക്കി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്കു ഡേറ്റ മാറ്റി. സ്പ്രിന്‍ക്ലറിന്റെ ക്ലൗഡ് അക്കൗണ്ടില്‍ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്നും സ്പ്രിന്‍ക്ലര്‍ കമ്ബനിക്കു കരാര്‍ നല്‍കിയതില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കരാറിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ചൂണ്ടിക്കാണിച്ചു.
ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്ത സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
Post Your Comments