തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ കരാറില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് പ്രതിസന്ധിയുടെ കാലമായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് കോടതി കടക്കാതിരുന്നത്. കരാര്‍ അപ്പാടെ നിയമവിരുദ്ധമാണെന്ന് ബിജെപി ഉന്നയിച്ച വാദം കോടതി ശരിവച്ചിരിക്കുകയാണ്. ഈ നിലയില്‍ സര്‍ക്കാര്‍ സ്പ്രിങ്ക്‌ളര്‍ കരാറുമായി മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കരാറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന് ഹൈക്കോടതി ഉപാധികള്‍ വച്ചതു തന്നെ സര്‍ക്കാരിനേറ്റ വലിയ പരാജയമാണ്. ബിജെപിയുടെ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി ശരിവച്ചു. ഡാറ്റാ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയരുതെന്ന് കോടതി വ്യക്തമാക്കി. വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം. രാജ്യാന്തര കരാറായതിനാലാണ് ന്യൂയോര്‍ക്കില്‍ കേസ് നടത്തണമെന്നത് കരാറില്‍ ഉള്‍പ്പെട്ടതെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചിട്ടില്ല. അത്തരം നടപടിക്രമങ്ങളിലേക്ക് പോകാത്തത് വകുപ്പുതല കരാറായതിനാലാണെന്ന വാദവും കോടതി തള്ളി. ഇന്ത്യയില്‍ നിലവിലുള്ള ഐടി നിയമങ്ങളൊന്നും പാലിച്ചിട്ടല്ല കരാറെന്ന് കോടതി പറഞ്ഞു. ഭരണഘടനാപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് കരാറെന്നത് കോടതി അംഗീകരിച്ചു. ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ ഒരു അമേരിക്കന്‍ കമ്പനി മാത്രമേ ഉള്ളോ എന്ന കോടതിയുടെ ചോദ്യം ഏറെ പ്രസക്തവും സര്‍ക്കാരിന് വലിയ തിരിച്ചടിയുമാണ്.
Also read : പിണറായി വിജയൻ സ്വകാര്യത വിറ്റു ജീവിക്കുന്ന മുഖ്യമന്ത്രി – കെ.സോമന്‍
ഉപാധികള്‍ വച്ചുകൊണ്ടാണ് കോടതി ഇപ്പോള്‍ കടുത്ത നടപടികള്‍ സ്വീകരിക്കാത്തത്. സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് ശേഷി ഇല്ലേ എന്ന് ചോദിച്ച കോടതി എന്തു കൊണ്ട് കേന്ദ്ര ഏജന്‍സികളുടെ സേവനം ഉപയോഗിച്ചില്ലന്നും ആരാഞ്ഞു. എന്ത് കൊണ്ടു സ്പ്രിങ്ക്‌ളറിനെ തിരഞ്ഞെടുത്തു, ഇന്ത്യയിലെ ഏജന്‍സികളെ എന്തു കൊണ്ടു പരിഗണിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യം കോടതി കണക്കിലെടുത്തതുകൊണ്ടു മാത്രമാണ് കരാര്‍ റദ്ദാക്കാതിരുന്നതെന്ന് വേണം മനസ്സിലാക്കാനെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഈ കമ്പനിയുമായുള്ള കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് യാതൊരു ധാര്‍മ്മിക ബാധ്യതയുമില്ല. കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്കു വരുന്നതിനു മുന്നേ തന്നെ, ഇപ്പോള്‍ നേരിട്ട തിരിച്ചടിയുടെ അടിസ്ഥാനത്തില്‍ സ്പ്രിങ്ക്‌ളറുമായുള്ള കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments