തിരുവനന്തപുരം: പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണ്ണമായും അവസാനിച്ചെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനത്തോടെയാണ് സി.പി.എമ്മിന്റെ തൃശൂര്‍ സമ്മേളനത്തിന് കൊടിയിറങ്ങിയതെങ്കില്‍, പിണറായി സര്‍ക്കാരിന്റെ അവസാന ദിനങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് മിന്നല്‍ പരിശോധനയെ പാര്‍ട്ടിയിലും സര്‍ക്കാരിലും പരസ്യ വിവാദമാക്കാന്‍ ധൈര്യം കാട്ടിയ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടിയെ പാര്‍ട്ടി മുളയിലേ നുള്ളിക്കളഞ്ഞെങ്കിലും, അസ്വസ്ഥതയുടെ മുള ഇടവേളയ്ക്ക് ശേഷം സി.പി.എമ്മില്‍ പൊട്ടിത്തുടങ്ങുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഐസക്കിന്റെ പ്രതികരണം പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമായി നിസാരവത്കരിച്ചു കാണാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ പലരും തയാറല്ല. പൊലീസ് നിയമ ഭേദഗതിക്കെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴും ശക്തമായി അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് പിറ്റേന്ന് പിന്മാറേണ്ടി വന്നത്, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു.
പിന്നാലെ, കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ പരസ്യമായി വിമര്‍ശിച്ച് മുന്നിട്ടിറങ്ങിയത് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കും. ഇ.ഡിയുടെ അന്വേഷണനീക്കങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ, ഐസക് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടാവാം. പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത് ഐസക്കിനെ ഒറ്റപ്പെടുത്തുന്നുണ്ടെങ്കിലും, സര്‍ക്കാരില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുഖ്യമന്ത്രി വിരാജിക്കുന്ന സ്ഥിതിക്ക് ഇളക്കം തട്ടുന്നുവെന്ന പ്രതീതിയുണര്‍ത്താന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിയൊരുക്കുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ മാറ്റത്തിന് പിന്നാലെയാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നു.സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം ഉള്‍ക്കൊണ്ടാണ് ഐസക് പരസ്യപ്രതികരണത്തിലെ ജാഗ്രതക്കുറവ് സമ്മതിച്ചത്. എന്നാല്‍, പുറത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ അസ്വസ്ഥതയുടേതായിരുന്നു. വി.എസ് ചേരിയുടെ ക്ഷയത്തിന് ശേഷം പാര്‍ട്ടിയില്‍ പുതിയൊരു ശാക്തിക ബലാബലത്തിലേക്ക് കാര്യങ്ങളെത്തുമോയെന്ന ചോദ്യമാന് ഇപ്പോൾ ഉയരുന്നത്.
Post Your Comments