കുവൈറ്റിൽ താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബർ ഏഴ് മുതൽ തിരിച്ചെത്തി തുടങ്ങും. കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി 80000 വീട്ടുജോലിക്കാർ തിരിച്ചെത്താനുണ്ടെന്നാണ് താമസകാര്യ വിഭാഗത്തിന്റെ കണക്ക് കൂട്ടലുകൾ.
കുവൈത്തിൽ നിന്നും അവധിക്ക് പോയി കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഗാർഹിക വിസക്കാർക്ക് ഡിസംബർ ഏഴ് മുതൽ തിരിച്ചു വരാൻ കഴിയും. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറിൽ കൂടരുതെന്ന് വിമാന കമ്പനികൾക്ക് നിർദേശം നൽകിയതായാണ് വിവരം ലഭിക്കുന്നത്. ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്ന ദൗത്യം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അൽ ഉതൈബി വ്യക്തമാക്കി.
Post Your Comments