തിരുവനന്തപുരം : അടുത്ത 48 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി, നമ്പര്‍ -1077. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ഭാഗത്തുകൂടി കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കേരളവും തമിഴ്‌നാടും അതീവ ജാഗ്രതയിലാണ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Read Also : എറണാകുളം ജില്ലയില്‍ 41 സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് പ്രഭവകേന്ദ്രങ്ങള്‍
തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും.
ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സഞ്ചരിച്ച് അറിബിക്കടലിലെത്തും. തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെക്കന്‍കേരളത്തിനൊപ്പം മധ്യകേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാതെക്കന്‍ജില്ലകളിലും ഇടുക്കിയിലും വിന്യസിച്ചു.
Post Your Comments