ന്യൂഡല്‍ഹി : ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകതന്നെയാണ്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ആകെ 64,188,950 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 1,486,609 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലോകം മുഴുവന്‍ വിഴുങ്ങിയ ഈ വൈറസ് ഇനി എത്രകാലം ഭൂമിയില്‍ ഉണ്ടാകുമെന്ന ആശങ്കയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. കൂടാതെ വൈറസ് ആരിലാണ് ഏറ്റവും പെട്ടെന്ന് ബാധിക്കുകയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
Read Also : ബുറെവി ചുഴലിക്കാറ്റ്: പ്രധാനമന്ത്രിയുമായി സംസാരിച്ച് മുഖ്യമന്ത്രി, നാവിക-വ്യോമ സേനകള്‍ സജ്ജം
ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരം ഒരു പഠനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ആസ്മ രോഗമുള്ളവര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
നവംബര്‍ 24ന് പുറത്തിറക്കിയ ദ ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യുണോളജി എന്ന പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ആസ്ത്മ രോഗികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.
ശ്വാസകോശ സംബന്ധിയായ ആസ്ത്മ രോഗികളില്‍ കോവിഡ് -19 വരാനുള്ള സാധ്യത നിരീക്ഷിക്കുന്നതിനായിരുന്നു ഗവേഷണം. ഇസ്രയേലിലെ ഒരു ആരോഗ്യ പരിപാലന സംഘടനയുടെ ഡാറ്റ ഗവേഷകര്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഗവേഷണം നടത്തിയവരില്‍ ഇസ്രായേലിലെ ജൂത, അറബ് ജനസംഖ്യയും ഉള്‍പ്പെടുന്നു.
ആര്‍ടി-പിസിആര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 37,469 പേരാണ് പങ്കെടുത്തത്. ഇവരില്‍ 2,266 പേര്‍ (6.05 ശതമാനം) കൊറോണ വൈറസ് പോസിറ്റീവായി. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അസ്മ രോഗികളുള്ളത് നെഗറ്റീവായവരുടെ കൂട്ടത്തിലാണ്. 3388 പേര്‍. എന്നാല്‍ പോസിറ്റീവായവരുടെ ഗ്രൂപ്പില്‍ 153 ആസ്മരോഗികള്‍ മാത്രമാണുള്ളത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments