KeralaLatest NewsNews

ബുറെവി ചുഴലിക്കാറ്റ്: പ്രധാനമന്ത്രിയുമായി സംസാരിച്ച് മുഖ്യമന്ത്രി, നാവിക-വ്യോമ സേനകള്‍ സജ്ജം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് തിരുവനന്തപുരത്ത് എത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also : ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. മൂന്നാം തിയ്യതി മുതല്‍ അഞ്ചാം തിയ്യതി വരെ ഇത് തുടര്‍ന്നേക്കും. ജനം ജാഗ്രത പാലിക്കണെമന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ 8 ടീമുകള്‍ കേരളത്തിലെത്തിയിട്ടുണ്ട്. നാവിക, വ്യോമ സേനകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മീന്‍ പിടുത്തത്തിന് സംസ്ഥാനത്ത് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

2849 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ചുഴളിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം. ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button