ന്യൂഡല്‍ഹി : അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്‌റിസില്‍ നടന്ന ചടങ്ങുകളുടെ വീഡിയോ എന്ന പേരിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. റോഡ് മുഴുവന്‍ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
എന്നാല്‍, അര്‍ന്റീനയില്‍ 2019-ല്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് വ്യാജകുറിപ്പോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. റിവേഴ്‌സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്‍ജന്റൈന്‍ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയിലേതാണ് ഈ ദൃശ്യങ്ങളെന്നാണ് കണ്ടെത്തിയത്. 2015 മുതല്‍ 2019വരെ പ്രസിഡന്റ് പദവി വഹിച്ച മൗറിഷ്യോ മക്രിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത പരിപാടിയെന്നാണ് അന്ന് ഈ പരിപാടിയേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഡീഗോ മറഡോണയുടെ സംസ്‌കാര ചടങ്ങ് സ്വകാര്യ ചടങ്ങായാണ് നടത്തിയത്. സംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. വ്യാജവീഡിയോ പുറത്ത് വന്നതിന് പിന്നാലെ മറഡോണയുടെ ജനപിന്തുണയെ വാഴ്ത്തിയും കോവിഡ് പ്രട്ടോക്കോള്‍ പാലിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പുരോഗമിച്ചിരുന്നു.
Post Your Comments