ആശുപത്രി വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ ഭക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ സാംബലിലെ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റോഡപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ രക്ഷിക്കാനായില്ല.
പെൺകുട്ടി മരിക്കുന്ന സമയത്ത് ബന്ധുക്കളാരും അടുത്തുണ്ടായിരുന്നില്ല. ഇതോടെ, മൃതദേഹം ട്രോളിയിൽ കിടത്തി ആശുപത്രി വരാന്തയിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു ആശുപത്രിയിലുള്ളവർ. വെളുത്തതുണികൊണ്ട് മൂടിവെച്ച പെൺകുട്ടിയുടെ മൃതശരീരം തെരുവുനായ കടിച്ച് മുറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഒന്നരമണിക്കൂറോളം പെൺകുട്ടിയുടെ മൃതദേഹം അനാഥമായി വരാന്തയിൽ കിടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ രണ്ട് പേരെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments