മലപ്പുറം: സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം വോട്ട് തേടുന്ന തിരക്കിലാണ്. പലരും പരിചയം പുതുക്കിയും വാഗ്ദാനങ്ങള്‍ നിരത്തിയും വോട്ട് തേടുന്നുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തില്‍ മതം പറഞ്ഞ് വോട്ട് പിടിയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. മതം പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയ മുസ്ലിം ലീഗ് നേതാവിനെകൊണ്ട് അവസാനം നാടടുകാര്‍ മാപ്പ് പറയിപ്പിച്ചു.
മാപ്പ് പറയിക്കുന്ന വീഡിയോ നാട്ടുകാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മലപ്പുറം ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്താണ് കരുവാരക്കുണ്ട്. ഇവിടെ ലീഗും കോണ്‍ഗ്രസും തനിച്ചാണ് മത്സരിക്കുന്നത്. കരുവാരക്കുണ്ട് പഞ്ചായത്ത് 13ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചെത്തിയ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് മേലേടത്ത് ഹൈദ്രോസ് ഹാജിയാണ് വീട്ടിലെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അറുമുഖനെതിരെ മതം പറഞ്ഞ് വോട്ടുപിടിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും മാപ്പ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
അറുമുഖന്‍ ഖാഫിറാണ്, കുഞ്ഞാപ്പു മുസ്ലിമും. അതുകൊണ്ട് മുസ്ലിമായ നമ്മള്‍ അഞ്ച് നേരം നിസ്‌കരിക്കുന്ന കുഞ്ഞാപ്പുവിന് വേണം വോട്ട് ചെയ്യാന്‍ എന്നാണ് ഹൈദ്രോസ് ഹാജി വീട്ടുകാരോട് പറഞ്ഞിട്ടുള്ളത് എന്ന് വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. മതം പറയാതെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വോട്ട് ചോദിച്ചൂടെയെന്ന് ചോദിച്ചാണ് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചത്. സ്‌കൂട്ടര്‍ എടുത്ത് പോകാനൊരുങ്ങിയ ലീഗ് നേതാവിനെ തടഞ്ഞുവെക്കുകയായിരുന്നു.
Post Your Comments