പട്‌ന: ബീഹാറിൽ പൂർണിയ സെൻട്രൽ ജയിലിലെ തടവുകാർക്ക് ജയിലിനകത്ത് എടിഎം സൗകര്യമൊരുക്കാൻ സർക്കാർ തീരുമാനം എടുത്തിരിക്കുന്നു. ജയിൽ ഗേറ്റിനടുത്തുള്ള എടിഎം കൗണ്ടറിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഉദ്യോഗസ്ഥർ പറയുകയുണ്ടായി. എടിഎം സ്ഥാപിക്കുന്നതിനായുള്ള അപേക്ഷ എസ്ബിഐക്ക് സമർപ്പിച്ചിട്ടുണ്ടെന്നും പതിനാല് ദിവസത്തിനകം ജയിലിനകത്ത് എടിഎം പ്രവർത്തനം ആരംഭിക്കുമെന്നും പൂർണിയ സെൻട്രൽ ജയിൽ സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.
2019 ജനുവരി വരെ ജയിൽ അന്തേവാസികൾക്കുള്ള വേതനം ചെക്കുകളിലൂടെയാണ് നൽകിയിരുന്നത്. എന്നാൽ, അത് ഇപ്പോൾ അക്കൗണ്ടുകളിലൂടെയാണ് നൽകുന്നത്. ഇതുമൂലം ജയിൽ ഗേറ്റിനടുത്തുള്ള എടിഎം കൗണ്ടറിലെ തിരക്ക് വർദ്ധിക്കുകയുണ്ടായി. എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത ജയിലിനകത്ത് എടിഎം കൗണ്ടറുള്ള ആദ്യത്തെ സെൻട്രൽ ജയിലാകും പൂർണിയ. ബിഹാറിൽ ഏറ്റവുമധികം തടവുകാരുള്ളത് പൂർണിയ സെൻട്രൽ ജയിലിലാണ്. 750 തടവുകാർ അടക്കം 1900 അന്തേവാസികളാണ് ഇവിടെയുള്ളത്. അതിൽ 56 സ്ത്രീകളുമുണ്ട്. സർക്കാരിന്റെ ഈ തീരുമാനം വലിയ മാറ്റം കൊണ്ടുവരുമെന്ന് ജിതേന്ദ്ര കുമാർ പറഞ്ഞു.
Post Your Comments