തിരുവനന്തപുരം: നിവാറിന് തൊട്ട് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളിലും തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീരപ്രദേശങ്ങളില്‍ വ്യാപകനാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്നുപേരാണു മരിച്ചത്. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്. വിവിധപ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടര്‍ന്ന് ഇന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം നടന്നിരിക്കുന്നത്.
ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റാണ് നിവാര്‍. നേരത്തെ സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയില്‍ വീശിയടിച്ച നിസാര്‍ഗ ചുഴലിക്കാറ്റ്, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ ചുഴലിക്കാറ്റ് എന്നിവയാണ് നേരത്തെ വന്‍നാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകള്‍.
Post Your Comments