ചണ്ഡീഗഡ് ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്താനായി പഞ്ചാബിൽനിന്ന് പുറപ്പെട്ട കർഷകരെ അതിർത്തിയിൽ തടഞ്ഞ് ഹരിയാന. ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല എന്നാണ് ഹരിയാന സർക്കാരിന്റെ നിലപാട്. അതേസമയം തടഞ്ഞാൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും കർഷകർ പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശത്തെത്തുടർന്ന് രണ്ടുദിവസത്തേക്ക് പഞ്ചാബുമായുള്ള അതിർത്തികൾ അടച്ചത് . ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് വിപുലമായ സുരക്ഷ ഏർപ്പെടുത്തി. വലിയ സമ്മേളനങ്ങൾ നിരോധിക്കുന്ന ഉത്തരവും പുറപ്പെടുവിച്ചു. രണ്ടു ദിവസത്തേക്ക് ഹരിയാനയിൽനിന്ന് പഞ്ചാബിലേക്കും തിരിച്ചുമുള്ള ബസ് സർവീസ് നിർത്തി. അടച്ചിട്ട റോഡുകളിൽനിന്ന് എല്ലാ വാഹനങ്ങളെയും വഴിതിരിച്ചു വിട്ടു.
വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.മേധ പട്കറുടെ നേതൃത്വത്തിൽ മദ്ധ്യപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച പ്രതിഷേധക്കാരെ ഉത്തർപ്രദേശ് സർക്കാർ ആഗ്രയിൽ തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഇന്നുംനാളെയും ഡൽഹിയിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിടുന്നത്.സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം കർഷക സംഘടനകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കർഷകരുമായി ചർച്ചകൾക്കായി ഡിസംബർ 3ന് രണ്ടാംഘട്ട യോഗം കേന്ദ്രം സർക്കാർ വിളിച്ചിട്ടുണ്ട്.
Post Your Comments