ഇന്ത്യന്‍, പാശ്ചാത്യ വിവാഹങ്ങളില്‍ വിവാഹ മോതിരം അണിയുക എന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇതിനോടൊന്നും താത്പര്യമില്ലാത്തവര്‍ക്ക് പുതിയ ഒരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ യൂട്യൂബര്‍ ആയ കേസി നെയ്സ്റ്റ.
യൂട്യൂബര്‍ കേസി നെയ്സ്റ്റയും ഭാര്യയും മോതിരം ഉപയോഗിക്കാറില്ല. എന്നാല്‍, രണ്ടുപേര്‍ക്കും ഐഫോണുണ്ട്. അങ്ങനെ സിം ഫോണുമായി ബന്ധിപ്പിക്കുന്ന സിം ട്രേകള്‍ തമ്മില്‍ പരസ്പരം കൈമാറിയാലോ എന്ന ആശയം നെയ്സ്റ്റയ്ക്ക് തോന്നി. ഇതോടെ ചുവപ്പുനിറത്തിലുള്ള ഫോണില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള സിം ട്രേയും ഗോള്‍ഡന്‍ നിറത്തിലുള്ള ഫോണില്‍ ചുവപ്പ് നിറത്തിലുള്ള സിം ട്രേയും ഇട്ടു നോക്കി. ഇത് ഹിറ്റായി. ഉടന്‍ തന്നെ ന്യൂജെന്‍ സിം ട്രേ കൈമാറ്റത്തില്‍ സന്തുഷ്ടരായ കേസി നെയ്സ്റ്റ സംഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
‘വിവാഹ മോതിരങ്ങള്‍ ഞാനും ഭാര്യയും ധരിക്കാറില്ല. അതുകൊണ്ട് ഞങ്ങളുടെ ഐഫോണിന്റെ സിം ട്രേ പരസ്പരം മാറ്റിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ വിവാഹ പ്രതിജ്ഞ നിറവേറ്റി’- ഇദ്ദേഹം പറയുന്നു.
ഇരു ഫോണുകള്‍ക്കൊപ്പമുള്ള ചിത്രം സഹിതം കേസി നെയ്സ്റ്റ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. കേസി നെയ്സ്റ്റയുടെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. രണ്ട് ലക്ഷത്തിലേറെ ലൈക്കുകളും, 16,000-ഓളം റീട്വീറ്റുകളും നേടി ട്വിറ്ററില്‍ ഹിറ്റായിരിക്കുകയാണ് നെയ്സ്റ്റയുടെ ട്വീറ്റ്. ഈ ന്യൂജെന്‍ രീതി അനുകരിച്ച് നിരവധി പേര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
Post Your Comments