തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. രാജസ്ഥാനിലെ കാമന്‍ സ്വദേശികളായ നഹര്‍ സിംഗ്, സുഖ്‌ദേവ് സിംഗ് എന്നിവരെ ഡിവെഎസ്പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തിലുളള സൈബര്‍ പൊലീസ് സംഘം ഭരത്പൂരിലെ കാമനില്‍ നിന്ന് അറസ്റ്റ് ചെയ്തു.
Read Also : ‘പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും’, നടിക്ക് ഭീഷണി; 25കാരൻ പിടിയിൽ
സമൂഹമാധ്യമ അക്കൗണ്ടുകളും ഇ വാലറ്റുകളും ഉപയോഗിച്ച് മാത്രം പണം തട്ടുന്ന ഇവര്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും ഇത്തരത്തില്‍ പതിനായിരം രൂപ തട്ടിയെടുത്തു. അങ്കിത ശര്‍മ്മ എന്ന പേരില്‍ പ്രൊഫൈലുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവര്‍ സ്ത്രീശബ്ദത്തില്‍ യുവാവുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി വാലറ്റുകള്‍ വഴി പണം തട്ടിയെന്നുമാണ് പരാതി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ക്രൈം പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികളെ പിടികൂടുകയായിരുന്നു.
Post Your Comments