ഒറ്റയടിക്ക് വന്‍ സ്വര്‍ണ്ണ നിധി കിട്ടിയ സന്തോഷത്തിലാണ് വടക്കന്‍ ഇറ്റലിയിലെ പുരാവസ്തു ഗവേഷകര്‍. പഴയകാല തിയേറ്റര്‍ പുതുക്കി പണിയുന്നതിനിടയിലാണ് വന്‍ സ്വര്‍ണ നിധി കിട്ടിയത്. സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന കോമോ എന്ന പ്രദേശത്തായിരുന്നു ക്രെസോനി എന്ന ഈ പഴയ കാല തിയേറ്റര്‍ ഉണ്ടായിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയേറ്റര്‍ സിനിമയിലേക്ക് വഴിമാറി.
എന്നാല്‍ 1997-ല്‍ തിയേറ്റര്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്റര്‍ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളിലായിരുന്നു സര്‍ക്കാര്‍. അതോടൊപ്പം തന്നെ തിയേറ്ററും പരിസരവും പരിശോധിക്കുന്നതിനായി പുരാവസ്തു ഗവേഷകരെയും ചുമതലപ്പെടുത്തി. പുരാവസ്തു ഗവേഷകര്‍ സ്ഥലം കുഴിക്കുന്നതിനിടയിലാണ് ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം കണ്ടെത്തിയത്. ഇത് തുറന്നു നോക്കിയ പുരാവസ്തു ഗവേഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ആ മണ്‍പാത്രം നിറയെ സ്വര്‍ണ്ണ നാണയങ്ങളായിരുന്നു.
കോമോയില്‍ നിന്നു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച ആംഫോറയ്ക്കുള്ളില്‍ നൂറുകണക്കിനു സ്വര്‍ണനാണയങ്ങളായിരുന്നു. റോമന്‍ ഇംപീരീയല്‍ കാലഘട്ടത്തിലെ നാണയങ്ങളായിരിക്കും ഇവയെന്നാണു കരുതുന്നത്. അതായത് അഞ്ചാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നവ. നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പ് പറയുന്നു. ഈ നാണയങ്ങള്‍ക്കൊന്നും യാതൊരു കേടുപാടുകളും ഉണ്ടായിരുന്നില്ല. എന്തായാലും ഇനിയും കൂടുതല്‍ നിധി കിട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ഈ പ്രദേശത്തു കൂടുതല്‍ ഗവേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
Post Your Comments