കൊല്‍ക്കത്ത: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്. പ്രത്യേക സമൂഹത്തിനെതിരായ അജണ്ടയുടെ ഭാഗമായി ബിജെപി ഉണ്ടാക്കിയ പദം മാത്രമാണ് ലവ്ജിഹാദ് എന്ന് നുസ്രത്ത് ജഹാന്. ‘ലവും’ ‘ജിഹാദും’ ഒരുമിച്ച് പോകില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. മിശ്രവിവാഹം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
എന്നാൽ പ്രണയം പൂര്‍ണമായും വ്യക്തിപരമാണ്. ആരെയാണ് വിവാഹം കഴിക്കുന്നത്, ആരെയാണ് സ്നേഹിക്കേണ്ടത്, എന്ത് കഴിക്കും ധരിക്കും എന്നുള്ളതെല്ലാം ആ വ്യക്തിയുടെ മാത്രം തെരഞ്ഞെടുപ്പാണ്. കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പിന് മുന്‍പായി കൊണ്ടുവരുന്ന വിഷയങ്ങളാണിത്. മതത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമാണിത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആളുകളുടെ ഉന്നമനത്തിനായി ജാതി, മതം, വിശ്വാസം തുടങ്ങിയവയൊന്നും പരിഗണിക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.
Read Also: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനൊരുങ്ങി പ്രധാനമന്ത്രി
താന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. പൗരന്റെ സ്വാതന്ത്ര്യം തടയുന്നതിനുള്ള ഇത്തരം നിയമങ്ങളെക്കുറിച്ച് കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ സ്വേച്ഛാധിപത്യത്തിന് സ്ഥാനമില്ലെന്നും നുസ്രത് കൂട്ടിച്ചേര്‍ത്തു. ലവ് ജിഹാദ് തടയുന്നതിന് നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ്, കര്‍ണാടക സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ‘ലവ് ജിഹാദ്’ എന്ന പദം നിലവിലുള്ള നിയമപ്രകാരം നിര്‍വചിച്ചിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ ഇത്തരം കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post Your Comments