കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 402 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതുവരെ 140,795 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 559 പേർ ഉൾപ്പെടെ 133,407 പേർ രോഗമുക്തി നേടിയിരിക്കുന്നു. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 870 ആയി ഉയർന്നിരിക്കുന്നു. ബാക്കി 6518 പേരാണ് ചികിത്സയിലുള്ളത്. 75 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. 5583 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയിരിക്കുന്നത്.
ആകെ 10,62,076 പേർക്കാണ് കുവൈത്തിൽ ഇതുവരെ കൊറോണ വൈറസ് പരിശോധന നടത്തിയിരിക്കുന്നത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 75ൽ എത്തിയിരിക്കുന്നത്.
പ്രതിദിന മരണ നിരക്കിലും കുറവ് തന്നെയാണുള്ളത്. ഈ നില തുടരുകയാണെങ്കിൽ കുവൈത്തിൽ കൊറോണ വൈറസ് ചികിത്സയിലുള്ളവർ കാര്യമായി കുറയും. അതോടെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കാനും വിദേശത്തുനിന്നുള്ള വിമാന സർവീസ് സാധാരണ നിലയിലാവാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കേസുകൾ കൂടിവരുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ അധികൃതർ ആലോചിക്കുന്നതനിടെയാണ് ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്.
Post Your Comments