തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നേടുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാല്‍ പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ലാത്തവിധം വിഭാഗീയ പ്രശ്‌നങ്ങളുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ എണ്ണായിരത്തോളം വാര്‍ഡുകളില്‍ ജയിക്കാമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. അതായത് മൊത്തം വാര്‍ഡുകളുടെ മൂന്നില്‍ ഒന്നിലധികം വാര്‍ഡുകള്‍ സ്വന്തമാക്കാമെന്നാണ് നേതൃത്വം കരുതുന്നത്.
8,000 വാര്‍ഡുകളില്‍ വിജയിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഇരുനൂറ് തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും ഭരണം പിടിക്കാമെന്നതാണത്രെ പ്രതീക്ഷ. 190 പഞ്ചായത്തുകളിലും 24 നഗരസഭകളിലും ആണ് ബിജെപി ഭരണം പിടിക്കാമെന്ന് പ്രതീക്ഷിക്കുന്നത്. പിന്നെ തിരുവനന്തപുരം നഗരസഭയിലും. അതേസമയം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആകെ ലഭിച്ചത് ആയിരത്തി അഞ്ഞൂറില്‍ പരം സീറ്റുകള്‍ ആണെന്നാണ് കണക്ക്. അതായത് മൊത്തം വാര്‍ഡുകളുടെ പത്ത് ശതമാനം സീറ്റുകള്‍ .
എന്നാല്‍ പതിനഞ്ചോളം ഗ്രാമപ്പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് സമീപന രീതിയില്‍ തന്നെ വ്യത്യസ്തതയുണ്ട്. പലയിടത്തും സംസ്ഥാന നേതാക്കളെ തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയിരിക്കുന്നത്. അതിന്റെ ഗുണം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭ സുരേന്ദ്രൻ ഇല്ലെന്നതും ശ്രദ്ധേയമാണ്.
Post Your Comments