മോസ്കോ: ഏഴ് വയസ്സുകാനെ തട്ടിക്കൊണ്ടുപോയി വീടിന്റെ ഭൂഗര്‍ഭ അറയിലിട്ട് പീഡിപ്പിച്ചത് 52 ദിവസം; ഡാര്‍ക്ക് വെബ്ബില്‍ നിന്ന് കിട്ടിയ സൂചനകള്‍ അനുസരിച്ച് പൊലീസും സൈനിക ഉദ്യോഗസ്ഥരും നടത്തിയത് കമാന്‍ഡോ മോഡല്‍ ഓപ്പറേഷന്. സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. റഷ്യയിലെ വ്ളാദിമിര്‍ മേഖലയിലെ മകാരിഗയില്‍ വീടിന്റെ ഭൂഗര്‍ഭ അറയില്‍നിന്നാണ് പ്രത്യേക ദൗത്യസംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ദിമിത്രി കോപിലോവിനെ(26) പൊലീസ് പിടികൂടി.
സെപ്റ്റംബര്‍ 28-ന് സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ ഏഴ് വയസ്സുകാരനെയാണ് ദിമിത്രി കോപിലോവ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് തന്റെ വീട്ടിലെ രഹസ്യഅറയില്‍ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തടങ്കല്‍ ജീവിതത്തിനിടെ പ്രതി കുട്ടിയെ ‘ബ്രെയിന്‍വാഷ്’ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രതി ഡാര്‍ക്ക് വെബ്ബില്‍ നടത്തിയ ചില ഇടപെടലുകളാണ് സംഭവത്തില്‍ നിര്‍ണായകമായത്.
കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ദിമിത്രി കോപിലോവ് ഇതേക്കുറിച്ച് ഡാര്‍ക്ക് വെബ്ബിലെ ചാറ്റുകളില്‍ പ്രതിപാദിച്ചിരുന്നു. ഡാര്‍ക്ക് വെബ്ബില്‍ സസൂക്ഷ്മം നിരീക്ഷണം നടത്തിയിരുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ ഇന്റലിജന്‍സ് സംഘങ്ങളും ഇന്റര്‍പോളും ഇക്കാര്യം റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിയെ തിരിച്ചറിയാനും കുട്ടിയെ തടവില്‍ പാര്‍പ്പിച്ച സ്ഥലം മനസിലാക്കാനും ഇതിലൂടെ സാധിച്ചു.
തുടര്‍ന്ന് പൊലീസും സൈന്യവും വൊളന്റിയര്‍മാരും ചേര്‍ന്ന പ്രത്യേക സംഘമാണ് പ്രതിയുടെ വീട്ടില്‍നിന്ന് കുട്ടിയെ മോചിപ്പിച്ചത്.ഇരുമ്പ്് വാതിലും ജനലും തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ പ്രവേശിച്ചത്. ഒരു കട്ടിലും ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനുള്ള സംവിധാനങ്ങളും രഹസ്യ അറയിലുണ്ടായിരുന്നു. ഭൂഗര്‍ഭ അറയിലാണ് കുട്ടിയെ തടവില്‍പാര്‍പ്പിച്ചിരുന്നതെങ്കിലും വീടിന്റെ മുകള്‍ നിലയിലായിരുന്നു പ്രതിയുടെ താമസം.
പൊലീസും സൈനിക ഉദ്യോഗസ്ഥരും വൊളന്റിയര്മാരുമടക്കം ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആയുധധാരികളായ ഉദ്യോഗസ്ഥര്‍ പ്രതിയുടെ വീട് വളഞ്ഞ് നിമിഷങ്ങള്‍ക്കകം രഹസ്യഅറയിലേക്കുള്ള വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ഉടന്‍തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
Post Your Comments